കൊച്ചി: 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് ജനുവരി 30 മുതല്‍ ഫെബ്രുവരി രണ്ടുവരെ നടക്കും. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് കോളേജാണ് കേരള സയന്‍സ് കോണ്‍ഗ്രസിന് വേദിയാവുക.

കാലാവസ്ഥാ മാറ്റം, തീരക്ഷയം, സമുദ്ര മലിനീകരണം തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയ ഗവേഷണത്തിലൂടെയും സാങ്കേതിക നവീകരണങ്ങളിലൂടെയും നേരിടുന്നതിനോടൊപ്പം സമുദ്ര വിഭവങ്ങളുടെ സുസ്ഥിര വിനിയോഗം പ്രോത്സാഹിപ്പിക്കുകയാണ് 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
13 വിഷയ മേഖലകളിലായുള്ള സാങ്കേതിക സെഷനുകള്‍ സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ വിദഗ്ധര്‍ എന്നിവരടക്കം രണ്ടായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും.

സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി ശാസ്ത്രവും സാങ്കേതിക വിദ്യയും പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര പ്രദര്‍ശനം ഒരുക്കുമെന്ന് സംഘാടകരായ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ മെമ്പർ സെക്രട്ടറി ഡോക്ടർ എ സാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

