ന്യൂഡൽഹി: മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ്. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണന നേരിട്ടത്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. താനൊരു കരയോഗം നായരെന്നും ആനന്ദബോസ് പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച മന്നം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗേറ്റ്കീപ്പറെ കാണാനല്ല പെരുന്നയിൽ എത്തുന്നതെന്നും ഗവർണർ രൂക്ഷഭാഷയിൽ പ്രതികരിച്ചു. മന്നംസമാധിയിൽ പുഷ്പാർച്ചന നടത്തുകയെന്നത് നായർ സമുദായാംഗങ്ങളുടെ അവകാശമല്ലേ? ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം?. പെരുന്നയിലുണ്ടായത് സങ്കടകരമായ സംഭവമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മന്നത്തിന്റെ സ്മാരകം നിർമ്മിക്കണമെന്നും സ്മാരകം നിർമിക്കാൻ ഒരുമാസത്തെ ശമ്പളം സംഭാവന നൽകുമെന്നും ആനന്ദബോസ് വ്യക്തമാക്കി.
അതിനിടെ, ആനന്ദബോസിന്റെ ആരോപണങ്ങളെ തള്ളി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ രംഗത്തെത്തി. ആനന്ദ ബോസ് പറയുന്നതുപോലെ ഒരു സംഭവവും നടന്നിട്ടില്ല. ആനന്ദബോസ് മന്നം സമാധിയിൽ വന്നിട്ട് കയറാൻ കഴിയാതെ ഒരിക്കലും പോയിട്ടില്ല. ആനന്ദബോസ് പെരുന്നയിൽ വന്നിട്ടുമുണ്ട്, പുഷ്പാർച്ചന നടത്തിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആനന്ദബോസ് എന്തെങ്കിലും മനസ്സിൽ വെച്ചാണോ പറയുന്നതെന്ന് സംശയമുണ്ട്. ആളുകൾക്കിടയിൽ പ്രശ്നമുണ്ടാക്കാനായി വെറുതെ സ്റ്റണ്ട് അടിക്കുന്നതാണ്. ഞങ്ങൾക്കെതിരെ പറയുന്നവർ പറയട്ടെ. മോഹൻലാൽ വന്ന് തൊഴുതിട്ടു പോയിട്ട് ഇവിടെ കയറ്റിയില്ല എന്ന് വരെ പറഞ്ഞു പരത്തിയില്ലേയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

