കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 90 ലേറെ സീറ്റ് ലഭിക്കാന്‍ സാധ്യതയെന്ന് സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ തരംഗം നിലനിര്‍ത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വയനാട്ടില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപിന്റെ ഭാഗമായി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കനഗോലു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ ആരാവണം, എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളില്‍ എത്രത്തോളം ജയസാധ്യതയുണ്ട് എന്നടതക്കം വിശദമായ പഠന റിപ്പോര്‍ട്ടാണ് കനഗോലു അവതരിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ 100 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ സൂചിപ്പിച്ചത്. 85 സീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് കണക്കുകൂട്ടല്‍.

അധികാരം പിടിക്കുക ലക്ഷ്യമിട്ട് ‘മിഷന് 2026’ എന്ന പേരിലുള്ള കര്‍മ്മപദ്ധതി പ്രതിപക്ഷ നേതാവ് അവതരിപ്പിച്ചു. ജനുവരി മുതലുള്ള മാസങ്ങൾ രാപ്പകല്‍ സമരം അടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലുറപ്പു ബില്‍ ഭേദഗതിക്കെതിരെ കേന്ദ്രത്തിനെതിരെയും, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും പ്രക്ഷോഭം നടത്തും. എസ്ഐആറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ട്.

