കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിൽ ചലച്ചിത്ര താരവും കർഷകനുമായ കൃഷ്ണപ്രസാദിനെ രംഗത്തിറക്കാൻ ബിജെപിയിൽ ആലോചന. കൃഷ്ണപ്രസാദ് അല്ലെങ്കില്‍ ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

1996 മുതല്‍ കേരള കോണ്‍ഗ്രസ് എം ഭരണം കയ്യാളുന്ന മണ്ഡലമാണ് ചങ്ങനാശ്ശേരി. ഇവിടെ ഒരു താരസ്ഥാനാർത്ഥിയെ നിര്‍ത്തി മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കൃഷ്ണപ്രസാദിന്റെ പേരാണ് സജീവമായി മണ്ഡലത്തില്‍ ഉയർന്നുകേൾക്കുന്നത്.
അതേസമയം എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളായി കേരള കോണ്‍ഗ്രസുകാരെ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും സിറ്റിങ് എംഎല്‍എ ജോബ് മൈക്കൾ മത്സരിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും യുഡിഎഫിനായി പല പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്.

കെ എഫ് വര്‍ഗീസ്, എം ബി ജോസഫ് ഐ എസ്, വി ജെ ലാലി എന്നിവരാണ് പരിഗണന പട്ടികയിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായ അഡ്വ. ജോബ് മൈക്കലായിരുന്നു വിജയിച്ചത്. കേരള കോണ്‍ഗ്രസ് നേതാവ് ലാലി രണ്ടാം സ്ഥാനത്തായിരുന്നു.

