ചെന്നൈ: തമിഴ്നാട് പിടിക്കാൻ ഇറങ്ങുന്ന വിജയിയുടെ ടിവികെയ്ക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം പുറത്ത്. ഇക്കുറി സ്ഥാനത്ത് ടിവികെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സർവ്വെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് ആണ് സർവ്വേയിൽ രണ്ടാമത് എത്തിയത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐപിഡിഎസ്) ആണ് ഫലം പുറത്തുവിട്ടത്.

ഇത്തവണയും ഡിഎംകെ തന്നെ സംസ്ഥാന ഭരണം പിടിക്കുമെന്നാണ് സർവ്വെ പറയുന്നത്. മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ തന്നെ തിരിച്ചെത്തുമെന്നു സർവ്വെ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ കഴിഞ്ഞാൽ വിജയ്ക്കാണ് പിന്തുണ കൂടുതൽ. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മൂന്നാം സ്ഥാനത്തുമെത്തി. ഡിഎംകെ എംപി കനിമൊഴി നാലാമതും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാമതുമാണ്.
നിയമസഭ തിരഞ്ഞെടുപ്പിൽ ടിവികെയുടെ രാഷ്ട്രീയ പ്രവേശനം ഏറ്റവും വലിയ തിരിച്ചടിയാവുക ഡിഎംകെയ്ക്ക് ആയിരിക്കുമെന്നാണ് സർവ്വെ പറയുന്നത്. വിദുതലൈ ചിരുതൈഗൾ കച്ചി (വിസികെ), എഐഎഡിഎംകെ എന്നിവയ്ക്കും വലിയ തോതിൽ തിരിച്ചടിയുണ്ടാകുമെന്നും സർവേ പറയുന്നു. എന്നാൽ നാം തമിഴർ കച്ചിക്ക് (എൻടികെ) ടിവികെ പാർട്ടിയുടെ വരവ് കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും സർവ്വെ സൂചിപ്പിച്ചു.

പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിവുള്ള യുവനേതാക്കളുടെ പട്ടികയിൽ വിജയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമാണ് വിജയ്ക്കുള്ളതെന്ന് തെളിയിക്കുകയാണ് സർവ്വെ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാമതും എൻടികെ നേതാവ് സീമാൻ നാലാമതുമാണ് .

