ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രിയാകാനൊരുങ്ങി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. ഇന്ന് (ജനുവരി 6ന്) മുഖ്യമന്ത്രി കസേരയിൽ ഏഴ് വർഷവും 240 ദിവസവും ആകുന്നതോടെയാണ് സിദ്ധരാമയ്യ ഏറ്റവും കൂടുതൽ കാലം കർണാടകയെ നയിച്ച മുഖ്യമന്ത്രിയാകുക. മുൻ മുഖ്യമന്ത്രി ദേവരാജ് അരസിന്റെ ഏഴ് വർഷവും 239 ദിവസം എന്ന റോക്കോർഡാണ് സിദ്ധരാമയ്യ മറികടക്കുക.

നേട്ടത്തിലെ സന്തോഷവും സിദ്ധരാമയ്യ പങ്കുവെച്ചു. ദേവരാജ് അരസ് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി ഭരിച്ചതിന്റെ കാരണം ജനങ്ങളുടെ അനുഗ്രഹമാണ്. അരസ് മൈസൂരുവിൽ നിന്നുള്ളയാളാണെന്നത് സന്തോഷം തരുന്ന കാര്യമാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. താലൂക്ക് ബോർഡ് അംഗമായ ശേഷം, എന്റെ രാഷ്ട്രീയ ജീവിതത്തിൽ മന്ത്രിയും മുഖ്യമന്ത്രിയുമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
താന് 13 തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ഒമ്പത് തവണ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ജനസംഖ്യ കുറഞ്ഞ അരസ് സമുദായത്തിൽപ്പെട്ട ദേവരാജ് അരസ് ജനപ്രിയ നേതാവായിരുന്നു. ഇത്രയും വലിയ നേതാവും ഞാനും തമ്മിലുള്ള താരതമ്യം ശരിയല്ല എന്നും സിദ്ധരാമയ്യ പറഞ്ഞു.

തന്റെ ഈ റെക്കോർഡും ഒരിക്കൽ തകർക്കപ്പെടും. താൻ കാലാവധി പൂർത്തിയാക്കുന്നതോടെ മറ്റൊരു നേതാവ് മുന്നോട്ട് വന്നേക്കാം. തന്നേക്കാൾ കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന ഒരു നേതാവും മുന്നോട്ട് വന്നേക്കാം എന്നും സിദ്ധരാമയ്യ പറഞ്ഞു. സംക്രാന്തിക്ക് ശേഷം ബജറ്റ് തയ്യാറെടുപ്പ് ആരംഭിക്കും എന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു. ഏറ്റവും പ്രധാനമായി മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി താൻ ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

