ന്യൂഡല്‍ഹി: ഇന്ത്യയെ ലക്ഷ്യംവെച്ച് രാജ്യത്തെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ അടക്കം റിക്രൂട്ട് ചെയ്ത് പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ വല വിപുലീകരിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ ആശങ്കകള്‍ ഉയരുന്നതിനിടെ, ചാരവൃത്തി ആരോപിച്ച് പഞ്ചാബ് പൊലീസ് 15 വയസ്സുള്ള ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെ പഞ്ചാബില്‍ ഉടനീളം ജാഗ്രത വര്‍ധിപ്പിച്ചു.

ഐഎസ്ഐ ബന്ധമുള്ളവരുമായി കുട്ടി ഒരു വര്‍ഷത്തോളമായി ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്താന്‍കോട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി കുട്ടി പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജമ്മുവിലെ സാംബ ജില്ലയില്‍ താമസിക്കുന്ന കുട്ടി പാകിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവരുമായി ആശയവിനിമയം നടത്തിയതായി നിരീക്ഷണത്തിലൂടെയും സാങ്കേതിക വിശകലനത്തിലൂടെയുമാണ് കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 15കാരന് ഒറ്റയ്ക്കല്ലെന്നും പ്രായപൂര്‍ത്തിയാവാത്ത മറ്റു ചില കുട്ടികളും ഐഎസ്ഐ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കുട്ടിയെ കസ്റ്റഡിയിലെടുത്ത പശ്ചാത്തലത്തില്‍
പഞ്ചാബിലുടനീളമുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നെറ്റ്വര്ക്കുകളില് കുടുങ്ങാന്‍ സാധ്യതയുള്ള മറ്റ് കുട്ടികളെ തിരിച്ചറിയാനും ജാഗ്രത പാലിക്കാനും മുന്നറിയിപ്പില്‍ പറയുന്നു.

