കെഎസ്ആര്‍ടിസിയ്ക്ക് അഭിമാന നിമിഷം. സര്‍വ്വകാല റെക്കോര്‍ഡ് കളക്ഷൻ നേടിയാണ് കെഎസ്ആര്‍ടിസി ചരിത്രം കുറിച്ചത്. ഇന്നലെ മാത്രമുള്ള ആകെ വരുമാനം 13.02കോടി കടന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണിത്.

ടിക്കറ്റ് വരുമാന ഇനത്തില്‍ 12.18 കോടിയും ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിക്ക് ലഭിച്ചു. 4952 ബസുകളാണ് ഇന്നലെ സര്‍വീസ് നടത്തിയത്. 27.38 ലക്ഷം യാത്രക്കാരാണ് കെഎസ്ആര്‍ടിയില്‍ ഇന്നലെ യാത്ര ചെയ്തത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15ന് ലഭിച്ച 11.53 കോടിയായിരുന്നു മുന്‍കാല റെക്കോര്‍ഡ്. വരുമാന വര്‍ധനവ് ഉണ്ടാക്കിയതില്‍ ജീവനക്കാർക്ക് അഭിനന്ദനവുമായി മന്ത്രി കെ ബി ഗണേശ് കുമാര്‍ രംഗത്തെത്തി.

നമ്മള്‍ക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കല്‍കൂടി കെഎസ്ആര്‍ടിസിയുടെ ജീവനക്കാര്‍ തെളിയിച്ചു എന്നും പ്രിയപ്പെട്ട എന്റെ ജീവനക്കാരേ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു എന്നുമാണ് ഗണേശ് കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വിശ്വാസ്യത പുലർത്തി കെഎസ്ആർടിസിയോടൊപ്പം നിൽക്കുന്ന മുഴുവൻ യാത്രക്കാർക്കും മന്ത്രി നന്ദി അറിയിച്ചു.

