മുംബൈ: ഐഎസ്എല്ലിന്റെ പന്ത്രണ്ടാം സീസണ് ഫെബ്രുവരി 14 മുതല്‍ ആരംഭിക്കും. കേന്ദ്ര കായികമന്ത്രി മന്‍സൂക് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് സാധാരണ സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ് നീണ്ടുപോയത്.

സീസണില്‍ 14 ക്ലബുകളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പതിവുപോലെ 91 മത്സരങ്ങളുണ്ടാകും. സീസണില്‍ മത്സരങ്ങള്‍ വെട്ടിക്കുറച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഐ.എസ്.എല്ലിന്റെ നടത്തിപ്പിനായി മാത്രം 25 കോടി രൂപയുടെ കേന്ദ്രീകൃത ഫണ്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ 10 ശതമാനം അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും 30 ശതമാനം വാണിജ്യ പങ്കാളികള്‍ വഴിയുമാണ്.
‘ഐ.എസ്.എല്ലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നലെ സര്‍ക്കാര്‍, ഫുട്ബാള്‍ ഫെഡറേഷന് അധികൃതരും മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍ ഉള്‍പ്പെടെ 14 ക്ലബുകളുടെ പ്രതിനിധികളും യോഗം ചേര്‍ന്ന് ഐ.എസ്.എല്‍ ഫെബ്രുവരി 14ന് നടത്താന്‍ തീരുമാനിച്ചു. എല്ലാ ക്ലബുകളും പങ്കെടുക്കും’ -മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.

പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ്സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐഎസ്എല്‍ പ്രതിസന്ധിയിലായത്. സെപ്റ്റംബറില്‍ തുടങ്ങേണ്ടിയിരുന്ന മത്സരം അനിശ്ചിത കാലത്തേക്ക് നിലച്ചുപോയത്. പിന്നാലെ പല വിദേശതാരങ്ങളും ടീം വിടുകയും ക്ലബുകള്‍ തങ്ങളുടെ ഫസ്റ്റ് ടീമിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

എഫ്സി ഗോവ, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹന്‍ ബഗാന്, ചെന്നൈയിന് എഫ്സി ടീമുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ച പോര്‍ച്ചുഗീസ് താരം തിയാഗോ ആല്‍വസ് അടുത്തിടെ ടീം വിട്ടിരുന്നു. പിന്നാലെ നായകന് അഡ്രിയാന്‍ ലൂണയും മൊറോക്കന്‍ മുന്നേറ്റ താരം നോഹ സദോയിയും വായ്പാടിസ്ഥാനത്തില്‍ വിദേശ ക്ലബ്ബുകളിലേക്ക് ചേക്കേറിയിരുന്നു.
