പൂനെ: പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. പൂനെയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് പൂനെയിൽ നടക്കുമെന്ന് അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ച ഗാഡ്ഗിലിനെ ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരവും തേടിയെത്തിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായിരുന്നു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ അറിയപ്പെട്ട സംഘം 2011ലാണ് റിപ്പോർട്ട് സമർപ്പിച്ചത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനു തുടക്കത്തിൽ കേരളത്തിൽ ഏറെ എതിർപ്പുകൾ നേരിട്ടെങ്കിലും 2018ലെ പ്രളയത്തിനും പ്രകൃതിക്ഷോഭങ്ങൾക്കും ശേഷം സ്വീകാര്യത ലഭിച്ചു.

1942 മെയ് 24ന് പൂനെയിലായിരുന്നു ജനനം. അമ്മ പ്രമീള. അച്ഛൻ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗിൽ.പൂനെ സർവകലാശാലയിൽ നിന്നും മുംബൈയിൽ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം മാധവ് ഗണിത പരിസ്ഥിതി ശാസ്ത്രത്തിൽ ഹാർവാഡ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി.

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 31 വർഷം സേവനമനുഷ്ഠിക്കുകയും അവിടെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയുടെ ജൈവവൈവിധ്യ നിയമംരൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം തുടങ്ങിയ വിഷയങ്ങളിലായി ഏഴ് പുസ്തകങ്ങളും 225-ലധികം ശാസ്ത്ര പ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
സ്റ്റാൻഫോഡിലും ബെർക്ലിയിലെ കാലിഫോണിയ സർവകലാശാലയിലും സന്ദർശക പ്രഫസർ ആയിരുന്നിട്ടുണ്ട്. ദേശീയ പാരിസ്ഥിതിക ഫെല്ലോഷിപ്, ഇക്കോളജി സൊസൈറ്റി ഓഫ് അമേരിക്കയിലെ വിശിഷ്ടാംഗത്വം, ശാന്തി സ്വരൂപ് ഭട്നഗർ അവാഡ്, വിക്രം സാരാഭായ് അവാർഡ്, ഈശ്വരചന്ദ്ര വിദ്യാസാഗർ അവാർഡ്, ഹാർവാർഡ് സർവകലാശാലയുടെ സെന്റനിയൽ മെഡൽ,വോൾവോ പാരിസ്ഥിതിക അവാർഡ്, പദ്മശ്രീ, പദ്മഭൂഷൻ , കർണാടക സർക്കാരിന്റെ രാജ്യോൽസവ സമ്മാനം തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മാധവ് ഗാഡ്ഗലിന്റെ ഭാര്യയും പ്രശസ്ത മൺസൂൺ ശാസ്ത്രജ്ഞയുമായ സുലോചന ഗാഡ്ഗിൽ 2025 ജൂലൈയിൽ അന്തരിച്ചിരുന്നു.
