തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിൽ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ല. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം എന്തെങ്കിലും ഉണ്ടെങ്കിൽ ആ ഘട്ടത്തിൽ പറയാമെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം കഴിയട്ടെ എന്നിട്ട് നമുക്ക് എല്ലാകാര്യങ്ങളും പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും പറഞ്ഞ് വിവാദമുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഇപ്രാവശ്യത്തെ തന്ത്രി കണ്ഠരര് രാജീവര് അല്ല. ചുമതല മകന് ആയിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ല. ശബരിമലയിൽ നിന്ന് സ്വർണമെന്നല്ല എന്തുതന്നെ നഷ്ടമായാലും അത് സങ്കടംതന്നെയാണ്. അതിൽ വിഷമമുണ്ട്. അതുകൊണ്ടാണ് ഇത്തവണ കൂടുതൽ അയ്യപ്പഭക്തർ എത്തിയത്. അറസ്റ്റിനെ പറ്റിയോ കേസിനെ പറ്റിയോ കൂടുതൽ പറയുന്നത് നിയമപരമായി സാധൂകരിക്കത്തക്കതല്ലെന്നും കെ ജയകുമാർ പറഞ്ഞു.
ഇന്ന് ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് തന്ത്രിയുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വർണക്കൊള്ളയിലേയ്ക്ക് നയിച്ച വിവിധ ഘട്ടങ്ങളിൽ തന്ത്രി നൽകിയ അനുമതികൾ സംശായ്പദമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലേക്ക് എത്തിയത് തന്ത്രിയുടെ ആളായാണ്. തന്ത്രി നൽകിയ സ്പോൺസർഷിപ്പ് അനുമതികൾ സംശയാസ്പദമാണ്. കണ്ഠരര് രാജീവരർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.

ഉണ്ണികൃഷണൻ പോറ്റിയുമായുള്ള ഇടപ്പാടുകൾക്ക് തന്ത്രി നേതൃത്വം നൽകി. തന്ത്രിയുടെ ഇടപെടൽ എസ്ഐടി സ്ഥിരീകരിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം മാറ്റിയ വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും പത്മകുമാറിൻ്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്കായത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ലഭിച്ച ലാഭത്തിൻ്റെ പങ്ക് തന്ത്രിക്കും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

