കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ പി രാജഗോപാലൻ അർഹനായി. 2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ‘ഉൾക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. 1968 മുതൽ മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്ക് ട്രസ്റ്റ് നൽകിവരുന്നതാണ് ഈ പുരസ്കാരം.
മഹാകവിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കും. ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.

കാസർകോട് ജില്ലയിലെ ഉദിനൂർ കിനാത്തിൽ സ്വദേശിയായ രാജഗോപാൽ, മലയാള സാഹിത്യ നിരൂപണത്തിൽ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന ചരിത്രോന്മുഖമായ വിമർശനരീതിയുടെ ഊർജ്ജസ്വലനായ പ്രയോക്താവായാണ് അറിയപ്പെടുന്നത്. നിരവധി നാടകങ്ങളുടെ രചയിതാവ് കൂടിയാണ് രാജഗോപാൽ.

