പാലക്കാട്: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പില്‍. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നുമാണ് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്.എക്കെതിരെ അതിജീവിത നല്കിയ മൊഴിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്ളാറ്റിനെ കുറിച്ചുള്ള ചോദ്യത്തിലും ഷാഫി പ്രതികരിച്ചു.

വടകരയിലെ ഫ്ളാറ്റിനെക്കുറിച്ച് പരാതിക്കാരി ഉന്നയിച്ച പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അതില്‍ ഞാന്‍ മറുപടി പറയേണ്ട കാര്യമില്ല, എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?’ എന്നായിരുന്നു ഷാഫിയുടെ മറുചോദ്യം. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി.
രാഹുലിനെ സസ്പെന്‍ഡ് ചെയ്തതിലൂടെ കോണ്‍ഗ്രസ് അതിന്റെ ഉത്തരവാദിത്തം നിറവേറ്റി. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും സ്വീകരിക്കാത്ത വിധം വ്യക്തതയുള്ള നിലപാടാണ് കോണ്‍ഗ്രസ് എടുത്തതെന്നും ഷാഫി അവകാശപ്പെട്ടു. രാഹുലുമായി മുന്‍പുണ്ടായിരുന്ന സൗഹൃദം പാര്‍ട്ടി നടപടികള്‍ക്ക് തടസ്സമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവര്‍ സിപിഎമ്മില്‍ ഉന്നത പദവികളിലും നിയമസഭയിലും തുടരുന്നത് ഷാഫി പറമ്പില്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളില്‍ ഞങ്ങളെ ഉപദേശിക്കുന്ന ആളുകള്‍ മനസിലാക്കേണ്ടത്, ഗുരുതരമായ കുറ്റകൃത്യത്തില്‍പെട്ടയാളുകള്‍ ജയിലിലും പാര്‍ട്ടിയിലും തുടരുന്നുണ്ട്.

ശബരിമല കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജയിലിലും പാര്‍ട്ടിയിലും തുടരുന്നു. മറ്റാരോപണങ്ങളുമായി ബന്ധപ്പെട്ട ആളുകള്‍ നിയമസഭയിലും പാര്‍ട്ടിയിലും തുടരുകയാണ്. ഒരു നടപടിയും അവരാരും സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ട.’-ഷാഫി പറഞ്ഞു.
