ന്യൂഡല്‍ഹി: തെരുവു നായയുടെ കടിയേല്‍ക്കുന്ന സംഭവങ്ങളില്‍ സംസ്ഥാനങ്ങളോട് കനത്ത നഷ്ടപരിഹാരം നല്കാന് ആവശ്യപ്പെടുമെന്ന് സുപ്രീംകോടതി. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെരുവു മൃഗങ്ങളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

നായപ്രേമികളും ഭക്ഷണം നല്‍കുന്നവരും നായ കടിച്ച സംഭവങ്ങള്‍ക്ക് ഉത്തരവാദികളായിരിക്കുമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ഒന്നും ചെയ്യാത്തതിനാല്‍ കുട്ടികളേയോ പ്രായമായവരേയോ നായ കടിക്കുന്നു. ഇവരുടെ പരിക്കിനും മരണങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുകളോട് കനത്ത നഷ്ടപരിഹാരം നല്കാന് ഞങ്ങള്‍ ആവശ്യപ്പെടും.

കൂടാതെ തെരുവു നായ്ക്കളെ പോറ്റുന്നവരുടെ മേല്‍ ഉത്തരവാദിത്തം ചുമത്തപ്പെടും. നായ്ക്കള്‍ 9 വയസുള്ള കുട്ടിയെ ആക്രമിക്കുമ്പോള്‍ ആരാണ് ഉത്തരവാദിയാകേണ്ടത്? അവയ്ക്ക് ഭക്ഷണം നല്കുന്ന സംഘടനയാണോ? ഈ പ്രശ്നത്തിന് നേരെ കണ്ണടയ്ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. റോഡുകളില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യണമെന്ന് അധികാരികളോട് നിര്‍ദേശിച്ച 2025 നവംബര്‍ 7ലെ ഉത്തരവ് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഗുജറാത്തില്‍ നിന്നുമുള്ള ഒരു അഭിഭാഷകനെ ഒരു പാര്‍ക്കില്‍ വെച്ച് നായ കടിച്ചപ്പോള്‍ പിടിക്കാന്‍ പോയവരെയും ആക്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി. പ്രശ്നം ആയിരം മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കര്‍മ പദ്ധതി ഉണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.
