സംസ്ഥാന സ്കൂള്‍ കലോത്സവത്തന്റെ രണ്ടാം ദിനം ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമര്‍ ഇനങ്ങളാണ് വേദിയെ സമ്പന്നമാക്കുന്നത്. നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താന്‍ അരങ്ങില്‍ എത്തും.

ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട് . ആതിഥേയരായ തൃശൂർ ജില്ലയാണ് മൂന്നാം സ്ഥാനത്ത്.
കലോത്സവം കേവലം ഉത്സവം മാത്രമല്ല, മതനിരപേക്ഷതയുടേയും വൈവിധ്യങ്ങളുടേയും മഹത്തായ ആഘോഷമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവങ്ങൾ കേവലം മത്സരങ്ങളല്ല സാംസ്കാരിക വിനിമയ വേദികളാണ്.

തദ്ദേശീയ കലകളെക്കൂടി ഉൾപ്പെടുത്തി ഇത്തവണ കലോത്സവം കൂടുതൽ ജനകീയമാക്കിയിട്ടുണ്ട്. അമിതമായ മത്സരബുദ്ധി ഒഴിവാക്കി തോൽവികളേയും പുഞ്ചിരികളോടെ നേരിടാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തമാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

