തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്കിയ അതിജീവിതയെ അപമാനിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാനെതിരെ കേസെടുത്ത് പൊലീസ്. പരാതിക്കാരിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെ രാഹുലും പരാതിക്കാരിയുമായുള്ള ചാറ്റ് ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

പ്രത്യേക അന്വേഷണ സംഘം നല്കിയ പരാതിയിന്മേലാണ് കേസ്. രാഹുലിന്റെ അറസ്റ്റിന് കാരണമായ പരാതി നല്കിയ അതിജീവിതയുമായുള്ള ചാറ്റാണ് രാഹുലിനെ ന്യായീകരിക്കാനായി ഫെനി ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ചത്.
ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഫ്ലാറ്റില്‍ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാന്‍ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുല്‍ ആണെന്നും ഫെനി ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. ഇതിന് പിന്നാലെ അതിജീവിത പരാതി നല്‍കിയിരുന്നു. ഈ പരാതി പരിശോധിച്ചതിന് ശേഷമാണ് സൈബര്‍ പൊലീസ് ഫെനി നൈനാനെതിരെ കേസെടുത്തിരിക്കുന്നത്.

ഫെനി നൈനാന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ എന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടര്‍ന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ ആരും സ്പേസ് തരാതെ ഇരുന്നപ്പോള്‍ ഞാന്‍ അത് ഫെയ്സ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ.

തുടര്‍ന്ന് ഞാന്‍ ഇന്നലെ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. എന്നെയും എന്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പോൾ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
