കൊച്ചി: സിനിമാ നിര്‍മാണത്തിന്റെ പേരില്‍ പണം തട്ടിയെന്ന പരാതിയില്‍ വഞ്ചനാകുറ്റത്തിന് നടന് നിവിന്‍ പോളിക്കും സംവിധായകന് ഏബ്രിഡ് ഷൈനുമതിരെ കേസെടുക്കാന്‍ നിര്‍മാണ പങ്കാളി സമര്‍പ്പിച്ചത് തെറ്റായ രേഖകളാണ് കോടതി. പണമിടപാട് തര്‍ക്കത്തില്‍ ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായ തലയോലപ്പറമ്പ് സ്വദേശി പി എസ്. ഷംനാസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്ഷന്‍ ഹീറോ ബിജു 2വിന്റെ പേരില്‍ ഉയര്‍ന്ന തര്‍ക്കത്തിലാണ് പി.എസ്. ഷംനാസിനെതിരെ വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ആക്ഷന്‍ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നിവിന്‍ പോളിക്കും ഏബ്രിഡ് ഷൈനുമതിരെ മജിസ്ട്രേറ്റ് കോടതി നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ ഷംനാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചുള്ള തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. നിവിന്‍ പോളിയും താനുമായി മറ്റൊരു കോടതിയിലും നിയമപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നും ഷംനാസ് പറഞ്ഞത് തെറ്റാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
ഇതേവിഷയത്തില്‍ എറണാകുളത്തെ കൊമേഴ്സ്യല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്, മാത്രമല്ല, ഷംനാസിനെതിരെ ഇന്ജക്ഷന് ഉത്തരവും നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബിഎന്‍എസ്എസ് സെക്ഷന്‍ 229, (തെറ്റായ തെളിവ്), 236 (തെളിവ് എന്നു ധരിപ്പിച്ച് തെറ്റായ സത്യവാങ്മൂലം), 237 (ശരിയെന്ന് വിശ്വസിപ്പിച്ച് തെറ്റായ സത്യവാങ്മൂലം) വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് കോടതി നിര്‍ദേശം. കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ സമര്‍പ്പിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം നടത്താന്‍ കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

തന്റെ പക്കലില്‍ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. ആക്ഷന്‍ ഹീറോ ബിജു 2വിന്റെ റൈറ്റ്സ് തരാമെന്ന് പറഞ്ഞ് തന്റെ പക്കല്‍ നിന്നും 1.90 കോടി വാങ്ങി. അതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടെ മറ്റൊരാള്‍ക്ക് ചിത്രത്തിന്റെ ഓവര്‍ സീസ് റൈറ്റ്സ് അഞ്ച് കോടി രൂപയ്ക്ക് വിറ്റുവെന്നും തനിക്ക് ഇതോടെ 1.90 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ഷംനാസിന്റെ പരാതി.

