തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആവേശകരമായ സമാപനം കുറിക്കാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ എത്തുന്നു. ജനുവരി 18-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി കെ. രാജൻ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തിരക്ക് ഒഴിവാക്കാൻ കാണികൾ 3 മണിയോടെ തന്നെ വേദിയിൽ എത്തണമെന്ന് നിർദ്ദേശമുണ്ട്. മോഹൻലാലിന്റെ വരവിനോടനുബന്ധിച്ച് പ്രത്യേക സെക്യൂരിറ്റി സംവിധാനങ്ങളും റൂട്ട് മാപ്പും തയ്യാറാക്കാൻ ഉന്നതതല യോഗം ചേർന്നു.
കലോത്സവ വിജയികൾക്കുള്ള സ്വർണ്ണക്കപ്പ് വിതരണവും മികച്ച മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകളും സമാപന വേദിയിൽ വെച്ച് നൽകുന്നതാണ്.

നാലു മാസം മുൻപേ തുടങ്ങിയ ഒരുക്കങ്ങൾ കലോത്സവത്തെ മികവുറ്റതാക്കിയെന്ന് മന്ത്രി പറഞ്ഞു. 25 വേദികൾക്കും പൂക്കളുടെ പേരാണ് നൽകിയിരിക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂക്കൾ ഒരേ തോട്ടത്തിൽ നിൽക്കുന്നതുപോലെ, മതേതരത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഈ കലോത്സവം പകരുന്നത്. തൃശ്ശൂർ പൂരത്തിന് സമാനമായ ആവേശമാണ് ഓരോ വേദികളിലും അനുഭവപ്പെടുന്നത്.

