മുംബൈ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ശ്രീകാന്ത് പങ്കാര്‍കര്‍ മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ വിജയം. ജല്‍ന നഗരസഭയിലെ പതിമൂന്നാം വാര്‍ഡില്‍ നിന്നാണ് സ്വതന്ത്രനായി തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപി ഉള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെ പരാജയപ്പെടുത്തിയാണ് കൗണ്‍സിലര്‍ സ്ഥാനത്തെത്തിയത്. 2,621 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.
ഗൗരി ലങ്കേഷ് വധക്കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കെയാണ് ശ്രീകാന്ത് ജനവിധി തേടിയത്. തനിക്കെതിരെ ഇതുവരെ കോടതി കുറ്റം ചുമത്തിയിട്ടില്ലെന്നും നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും ശ്രകാന്ത് പറഞ്ഞു.

പ്രശസ്ത മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബര്‍ 5-നാണ് ബംഗളൂരുവിലെ വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ കൊലപാതകം രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. ഈ കേസില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട പങ്കാര്കറിന് 2024 സെപ്റ്റംബര്‍ 4-നാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

