തൃശൂര്‍: സംസ്ഥാന സ്കൂള്‍ ചരിത്രത്തില്‍ പുതുചരിത്രമെഴുതി സിയ ഫാത്തിമ. വാസ്കുലൈറ്റിസെന്ന ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ വീട്ടിലിരുന്ന് ഓണ്‍ലൈനായി അറബിക് പോസ്റ്റര്‍ നിര്‍മണ മല്‍സരത്തില്‍ പങ്കെടുത്ത സിയ എ ഗ്രേഡ് നേടി. ജില്ലാ കലോല്‍സവത്തില്‍ നേരിട്ട് പങ്കെടുത്ത് വിജയിച്ച സിയയ്ക്ക് നാലാഴ്ച മുന്‍പാണ് രക്തക്കുഴലുകള്‍ ചുരുങ്ങുന്ന രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ എത്തി മല്‍സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സിയ തന്റെ അവസ്ഥ വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിക്ക് കത്തെഴുതി. കത്ത് വായിച്ച മന്ത്രി സിയയ്ക്കായി പ്രത്യേക ഉത്തരവും ഇറക്കി. ഇതോടെയാണ് സിയക്ക് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ മല്‍സരത്തില്‍ പങ്കെടുക്കാനായത്.

പടന്നയിലെ വീട്ടിലിരുന്ന് സിയ ഫാത്തിമ തൃശ്ശൂരിലെ കലോത്സവ വേദിയില്‍ നിറങ്ങള്‍ ചാലിച്ചപ്പോള്‍, അത് വെറുമൊരു മത്സരമായിരുന്നില്ല; അതിജീവനത്തിന്റെ വിസ്മയമായിരുന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കാസര്‍കോട് പടന്ന വികെപികെഎച്ച്എംഎം ആര്‍വിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനായാണ് സിയ ഫാത്തിമ
വാസ്കുലൈറ്റിസ്’ എന്ന രോഗത്തിന്റെ വേദനകളെ പൊരുതിത്തോല്‍പ്പിക്കാന്‍ അവള് കാണിച്ച ആത്മധൈര്യത്തിന് മുന്നില്‍ ദൂരവും രോഗവും വഴിമാറിയെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു. നിശ്ചയിച്ച പ്രകാരം തന്നെ, വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സിയ ഫാത്തിമ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ അറബിക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ പങ്കെടുത്തു.യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം കലയോടുള്ള അവളുടെ അഭിനിവേശത്തിന് തടസ്സമാകാതിരിക്കാന്‍, സര്‍ക്കാര്‍ നല്കിയ പ്രത്യേക അനുമതിയിലൂടെ ആ സ്വപ്നം ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഓണ്‍ലൈനായി അധികൃതര്‍ മത്സരം നിരീക്ഷിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്തു’.
ആ കുരുന്നിന്റെ മുഖത്തെ ചിരിയും സംതൃപ്തിയുമാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം. കലയും മനുഷ്യത്വവും കൈകോര്‍ത്ത ഈ നിമിഷം കേരള സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും. സിയയ്ക്ക് അഭിനന്ദനങ്ങള്‍… ഈ പോരാട്ടം തോല്ക്കാന് തയ്യാറല്ലാത്ത എല്ലാവര്ക്കും ഒരു പ്രചോദനമാണ്’ ശിവന്‍കുട്ടി കുറിപ്പില്‍ പറയുന്നു.

