മേപ്പാടി: രണ്ടു വയസ്സുകാരന് വിഴുങ്ങിയ അഞ്ച് കോയിന് ടൈപ്പ് ബാറ്ററികള്‍ എന്‍ഡോസ്കോപ്പിയിലൂടെ വിജയകരമായി പുറത്തെടുത്തു. ബത്തേരി മൂലങ്കാവ് സ്വദേശികളുടെ മകനാണ് കളിപ്പാട്ടത്തിലുണ്ടായിരുന്ന ബാറ്ററികള്‍ വിഴുങ്ങിയത്.

കുട്ടി ബാറ്ററികള്‍ വിഴുങ്ങുന്നത് കണ്ടതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്‍ഡോസ്കോപ്പിയിലൂടെയാണ് ബാറ്ററികള്‍ പുറത്തെടുത്തത്. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ ഗാസ്ട്രോ എന്ററോളജി വിഭാഗം സ്പെഷലിസ്റ്റ് ഡോ.സൂര്യനാരായണയുടെ നേതൃത്വത്തിലായിരുന്നു ബാറ്ററികള്‍ പുറത്തെടുത്തത്. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കാനായതിനാലാണ് വലിയ അപകടം ഒഴിവാക്കാന്‍ സാധിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാറ്ററികള്‍ ആമാശയത്തില്‍ എത്തിയാല്‍ ഉള്ളിലെ അസിഡിക് പ്രവര്‍ത്തനത്തിലൂടെ പൊട്ടാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെയുണ്ടായാാല് കുടല്, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ ഗുരുതരമായ ക്ഷതം ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത്തരത്തില്‍ കളിപ്പാട്ടങ്ങളുമായി ഇരിക്കുന്ന കുട്ടികള്‍ മുതിര്‍ന്നവരുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോ.അഖില്‍, ഡോ. അഞ്ജന എന്നിവരും ചികിത്സയില്‍ പിന്തുണ നല്കി.

