കൊച്ചി: എൻഎസ്എസ് നേതൃത്വവുമായി കൊമ്പുകോർക്കാൻ എസ്എൻഡിപി ഇനി തയ്യാറല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പെരുന്നയിലേയ്ക്ക് ക്ഷണിച്ചാൽ പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി പിണങ്ങിയിട്ട് എന്ത് കിട്ടിയെന്നും സംവരണ തർക്കത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എൻഎസ്എസുമായി സഹകരിച്ച് പോകും. 21ന് എസ്എൻഡിപി നേതൃ സമ്മേളനം വിളിച്ചിട്ടുണ്ട് വിശദമായി ചർച്ചചെയ്ത് തീരുമാനത്തിലെത്തുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എൻഎസ്എസുമായി തമ്മിൽ തല്ലിച്ചെന്നും ചിലർ പുറകിൽ നിന്നെന്നും വെള്ളാപ്പളളി ആരോപിച്ചു. നായാടി മുതൽ നസ്രാണി വരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാണിച്ചു.
എൻഎസ്എസുമായി യുദ്ധം ചെയ്യിച്ചത് ആരാണെന്ന് ചൂണ്ടിക്കാണിച്ച വെള്ളാപ്പള്ളി കുരങ്ങനെ കൊണ്ട് ചുടുചോറ് മാന്തിക്കുകയല്ലെ ചെയ്തതെന്നും ചോദിച്ചു. സംവരണ കാര്യമാണ് എൻഎസ്എസുമായുള്ള തർക്കത്തിന് കാരണമെന്നാണ് ചിലർ പറയുന്നത്. എന്നാൽ ഈ സംവരണത്തിൽ എന്ത് നേടിയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

എൻഎസ്എസ് മാത്രമല്ല നായാടി മുതൽ നസ്രാണിവരെ ഒരുമിച്ച് നിൽക്കേണ്ട കാലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നസ്രാണികൾ വളരെ വിഷമത്തിലാണെന്നും അവർ പുറത്ത് പറയുന്നില്ലെന്നേയുള്ളുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ക്രിസ്ത്യാനികൾ ഭയന്ന് ജീവിക്കുകയാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന നേരത്തെ മുന്നോട്ട് വെച്ച ആശയം നായാടി മുതൽ നസ്രാണി വരെ എന്നാക്കിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

