കൊച്ചി : വിദ്വേഷ പ്രസംഗം നടത്തുന്ന എല്ലാവര്ക്കും കേരളം ചുട്ട മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വെള്ളാപ്പള്ളി നടേശന് ആരുടെയും ഉപകരണമായി മാറരുത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സിപിഎമ്മും സംഘപരിവാറും കേരളത്തില്‍ വ്യാപകമായി വര്‍ഗീയത പ്രചരിപ്പിക്കുന്നു.

മതേതര കേരളത്തിനുള്ള വെല്ലുവിളിയാണ് ഇവര്‍ രണ്ടുകൂട്ടരും. അവരുടെ ഉപകരണമായി വെള്ളാപ്പള്ളി മാറരുത്. കാരണം ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവാണ് അദ്ദേഹം. വി ഡി സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് തന്നെ എന്തുകൊണ്ടാണ് ലക്ഷ്യം വെക്കുന്നതെന്ന് അറിയില്ല. അദ്ദേഹത്തെ താന്‍ ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയത പറയരുതെന്നാണ് താന്‍ പറഞ്ഞിട്ടുള്ളത്. അത് ആരു പറഞ്ഞാലും എതിര്‍ക്കും. പണ്ടും തനിക്കെതിരെ വെള്ളാപ്പള്ളി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ ഊളമ്പാറയ്ക്ക് അയക്കണമെന്നാണ് മുമ്പ് ഈ സമുദായ നേതാവ് പറഞ്ഞത്.

അന്നും താന്‍ തിരിച്ചൊന്നും പറഞ്ഞിട്ടില്ല. മതേതരവാദികള്‍ക്കൊപ്പമാണ് ഞങ്ങള്‍. കുറേ സമുദായ നേതാക്കളും കുറേ രാഷ്ട്രീയ നേതാക്കളും ഇറങ്ങിയാണ് ജനങ്ങളെ കമ്യൂണലാക്കുന്നത്. മതേതര ജനത കോണ്‍ഗ്രസിനൊപ്പമാണ്. മതേതര കേരളം യുഡിഎഫിനൊപ്പം നില്ക്കും. വി ഡി സതീശന് പറഞ്ഞു.

