ന്യൂഡൽഹി: ഗാസയിലെ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള രാജ്യാന്തര സമിതിയായ ‘ബോർഡ് ഓഫ് പീസിലേക്ക്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ക്ഷണിച്ചു. പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ വിപുലമായ 20 ഇന പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയെ ഈ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ജനുവരി 16-ന് അയച്ച ഔദ്യോഗിക കത്തിലാണ് ട്രംപ് മോദിയെ ഈ ദൗത്യത്തിൽ പങ്കാളിയാകാൻ ആഹ്വാനം ചെയ്തത്. “ലോകത്തിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി നൂതനവും ധീരവുമായ സമീപനം സ്വീകരിക്കാനും, മിഡിൽ ഈസ്റ്റിൽ സമാധാനം ഉറപ്പാക്കാനുമുള്ള ഈ ചരിത്രപരമായ മുന്നേറ്റത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ താങ്കൾ എനിക്കൊപ്പം ചേരുന്നത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു,” എന്ന് ട്രംപ് കത്തിൽ കുറിച്ചു.
ഗാസയെ സമാധാനത്തിലേക്കും വികസനത്തിലേക്കും മാറ്റുന്നതിനുള്ള തന്ത്രപരമായ മേൽനോട്ടം നൽകുക, അന്താരാഷ്ട്ര വിഭവങ്ങൾ സമാഹരിക്കുക, ഉത്തരവാദിത്തം ഉറപ്പാക്കുക എന്നിവയാണ് ബോർഡ് ഓഫ് പീസിന്റെ പ്രധാന ദൗത്യങ്ങൾ. ഗാസയെ ഭീകരവാദ രഹിത മേഖലയാക്കി മാറ്റുകയും അയൽരാജ്യങ്ങൾക്ക് ഭീഷണിയാകാതിരിക്കുകയും പുനർനിർമാണം നടത്തുകയും ചെയ്യുന്നതാണ് 20 പോയിന്റ് പ്ലാനിലെ പ്രധാന ലക്ഷ്യങ്ങൾ.

ട്രംപിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ, ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ തുടങ്ങിയ പ്രമുഖർ ഇതിനകം തന്നെ ബോർഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗങ്ങളാണ്.

അമേരിക്കയുടെ ഔദ്യോഗിക ക്ഷണം ലഭിച്ച വിവരം വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഇന്ത്യ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അംഗീകാരമുള്ള ഈ പദ്ധതിയോട് അനുകൂലമായ നിലപാടാണ് നേരത്തെ മോദി സ്വീകരിച്ചിരുന്നത്. എന്നാൽ ഒരു ബില്യൺ ഡോളർ (ഏകദേശം 8300 കോടി രൂപ) സംഭാവന നൽകുന്ന രാജ്യങ്ങൾക്ക് മാത്രമേ സ്ഥിരാംഗത്വം ലഭിക്കൂ എന്നതുൾപ്പെടെയുള്ള കർശനമായ നിബന്ധനകൾ ചാർട്ടറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
