വി ഡി സതീശനെതിരായ എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശത്തില്‍ സമുദായ നേതാക്കളെ തള്ളി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സമുദായ നേതാക്കൾ വ്യക്തിപരമായ ആക്ഷേപങ്ങൾ ഒഴിവാക്കണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സമുദായ നേതാക്കളുമായി നല്ല നിലയിൽ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. വ്യക്തിഗതമായ തർക്കത്തിനില്ല. പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സതീശനെ കോൺഗ്രസ് അഴിച്ചു വിട്ടിരിക്കുകയാണെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശത്തിലും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അങ്ങനെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം, എസ്എൻഡിപിയും എൻഎസ്എസ്സും പ്രതിപക്ഷനേതാവിനെ വിമർശിച്ചതിനെക്കുറിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രമേശ് ചെന്നിത്തല. പ്രതിപക്ഷനേതാവ് പറയുന്നത് പാർട്ടി നയമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിനെ അവർ എതിർക്കുന്നത് അവരോട് ചോദിക്കണമെന്നും താൻ എന്നും മതേതര നിലപാടുള്ളയാളാണെന്ന് അദ്ദേഹം പറഞ്ഞു.

