കൊച്ചി: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെഷൻസ് കോടതി തെളിവുകൾ പരിഗണിച്ചില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗക്കുറ്റം നിലനിൽക്കും. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന സെഷൻസ് കോടതി നിലപാട് വസ്തുതാ വിരുദ്ധമാണ്. അന്വേഷണത്തിനിടെ എസ്ഐടിക്ക് ഇതിനാവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതിക്രൂരമായ കുറ്റകൃത്യമാണ് രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത്.
അതിജീവിതയുടെ മൊഴി വിശദമായി പരിഗണിക്കുന്നതിൽ സെഷൻസ് കോടതി പരാജയപ്പെട്ടു. പരാതി നൽകാൻ വൈകിയത് മുൻകൂർ ജാമ്യം നൽകാനുള്ള കാരണമല്ലെന്നും സർക്കാർ വാദിക്കുന്നു.

മനസർപ്പിക്കാതെയാണ് സെഷൻസ് കോടതി പ്രതിക്ക് മുൻകൂർ ജാമ്യം നൽകിയത്. പരാതി നൽകാൻ വൈകുന്നതിൽ സുപ്രീംകോടതി തന്നെ വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ഹർജിയിലുണ്ട്. അതേസമയം മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയും ഇന്ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

