തിരുവനന്തപുരം: കേരള വനിതാ കമ്മീഷൻ നടപ്പാക്കുന്ന “പറന്നുയരാം കരുത്തോടെ” ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ക്യാമ്പയിന്റെ അംബാസഡർ കൂടിയായ ചലച്ചിത്ര താരം മഞ്ജുവാരിയർ ചടങ്ങിൽ മുഖ്യാതിഥി ആയി.

ജീവിത പ്രതിസന്ധികളെ തരണം ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് “പറന്നുയരാം കരുത്തോടെ” എന്ന ടാഗ്ലൈനിൽ സംസ്ഥാനത്തുടനീളം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടമായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ വിവിധ മേഖലകളിൽ നിന്നുള്ള സ്ത്രീകളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കും.അതീവ പ്രാധാന്യമുള്ള ഒരു ക്യാമ്പയ്നാണ് വനിതാ കമ്മീഷൻ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി നമുക്കെങ്ങനെ പറന്നുയരാം എന്ന വിഷയത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മോഡറേറ്ററായ സംവാദവും നടന്നു. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ പി സതീദേവി, ശർമിള മേരി ജോസ് ഐഎഎസ്, അജിത ബീഗം ഐപിഎസ്, പബ്ലിക് പ്രോസിക്യൂട്ടർ ഗീന കുമാരി തുടങ്ങി നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

