ഇന്ത്യൻ ബാഡ്മിന്റണിന്റെ വിപ്ലവനായികയും മുൻ ലോക ഒന്നാം നമ്പർ താരവുമായ സൈന നെഹ്വാൾ ബാഡ്മിന്റണിൽ നിന്ന് വിരമിച്ചു. തന്റെ ശരീരം ഇനി കായിക രംഗത്തെ കടുത്ത സമ്മർദ്ദങ്ങൾ താങ്ങില്ലെന്ന് വ്യക്തമാക്കിയാണ് താരം റാക്കറ്റ് താഴെ വെക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു സൈന. 2023-ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി മത്സരിച്ചത്.

തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരു ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് സൈന വ്യക്തമാക്കി. ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം വിരമിക്കൽ തീരുമാനം പരസ്യമാക്കിയത്.
“ഞാൻ രണ്ട് വർഷം മുമ്പ് തന്നെ കളി നിർത്തിയതാണ്. സ്വന്തം ഇഷ്ടപ്രകാരം കരിയർ തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ രീതി. അതിനാൽ പ്രത്യേകിച്ച് ഒരു പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് കരുതി. ഇനി കളിക്കാൻ കഴിയില്ലെങ്കിൽ കരിയർ അവസാനിച്ചു എന്ന് തന്നെയാണല്ലോ അർത്ഥം,” സൈന പറഞ്ഞു.

താൻ വിരമിക്കാനുണ്ടായ പ്രധാന കാരണം കാൽമുട്ടിലെ കടുത്ത പരിക്കാണെന്ന് സൈന വെളിപ്പെടുത്തി. കാൽമുട്ടിലെ തരുണാസ്ഥി (Cartilage) പൂർണ്ണമായും നശിച്ചുവെന്നും ആർത്രൈറ്റിസ് ബാധിച്ചുവെന്നും താരം പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ കഠിനമായി പരിശീലിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ പരിശീലിക്കുമ്പോഴേക്കും എന്റെ കാൽമുട്ടുകൾ വീർക്കുകയാണ്. അത്രയും വേദന സഹിച്ചുകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ല. അതുകൊണ്ട് തന്നെ മതിയാക്കാം എന്ന് തീരുമാനിച്ചു,” സൈന കൂട്ടിച്ചേർത്തു.

ലോക ഒന്നാം നമ്പർ പദവിയിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ താരമായ സൈന, 24-ലധികം അന്താരാഷ്ട്ര കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. പത്മഭൂഷൺ, മേജർ ധ്യാൻചന്ദ് ഖേൽരത്ന, അർജുന അവാർഡ് എന്നീ ബഹുമതികൾ നൽകി രാജ്യം താരത്തെ ആദരിച്ചിട്ടുണ്ട്. പരിക്കുകൾ മൂലം കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നുവെങ്കിലും ഇന്ത്യൻ ബാഡ്മിന്റണിന്റെ മുഖച്ഛായ മാറ്റിയ താരമായാണ് സൈന നെഹ്വാൾ അറിയപ്പെടുന്നത്.
