കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീച്ച് ആഗ്രഹിക്കുന്ന സ്ത്രികള്‍ക്ക് പ്രവേശനമില്ലെന്നുള്ള സ്റ്റിക്കര്‍ പതിച്ച് ബസ് ജീവനക്കാര്‍. വടകര, പേരാമ്പ്ര റൂട്ടിലൂള്ള ബസിലാണ് ഇത്തരത്തിലുള്ള സ്റ്റിക്കര്‍ പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ ലൈംഗിക അതിക്രമ ആരോപണവുമായി ബന്ധപ്പെട്ട ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെയാണ് ബസില്‍ സ്റ്റിക്കര്‍. അതേ സമയം കോഴിക്കോട്ടെ ദീപക്കിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവം അറിഞ്ഞത് പിറ്റേദിവസമാണെന്ന് ബസ് കണ്ടക്ടര്‍ പറഞ്ഞു.
വെള്ളിയാഴ്ച നടന്നു എന്ന് പറയുന്ന സംഭവം തങ്ങള്‍ അറിയുന്നത് ശനിയാഴ്ച ബസിന്റെ ഉടമ വിളിച്ച് ചോദിക്കുമ്പോഴാണ്. വീഡിയോയെ കുറിച്ചും അപ്പോഴാണ് അറിയുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും സംഭവം അന്ന് ഉണ്ടായിട്ടുണ്ടോ എന്ന് മുതലാളി ചോദിച്ചിരുന്നു. അസ്വാഭാവികമായി ഒരു സംഭവവും അന്ന് ഉണ്ടായിട്ടില്ല. പിന്നീട് മുതലാളി വിഡിയോ അയച്ചുതന്നു. വിഡിയോയില്‍ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസിലായത്. നല്ല തിരക്കുള്ള സമയമായിരുന്നു.

റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്റ്റാന്‍ഡിലേക്കുള്ള ട്രിപ്പായിരുന്നു. അമ്പതിലേറെ ആള്‍ക്കാരുണ്ടാകും ആ സമയം ബസില്‍. അതിനാല്‍ത്തന്നെ സിസിടിവി ദൃശ്യങ്ങളിലും വ്യക്തതയുണ്ടാകാന്‍ സാധ്യതയില്ലെന്നും കണ്ടക്ടര്‍ പറഞ്ഞു. രാമന്തളി-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന അല്‍ അമീന് ബസില്‍വെച്ചായിരുന്നു യുവതി വിഡിയോ ചിത്രീകരിച്ചത്.

