ന്യൂഡല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് പിഴയിട്ട് സുപ്രീം കോടതി. 25,000 രൂപയാണ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്റെ ബെഞ്ച് പിഴ ചുമത്തിയത്. പരമോന്നത കോടതിയെ തെറ്റായ വിവരം ധരിപ്പിച്ചതിനാണ് അസാധാരണ നടപടി.

അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് നേര്‍ക്ക് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ എന്നതടക്കമായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.
അന്വേഷണ സംബന്ധമായി നെതര്‍ലാന്‍ഡിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ചൊവ്വാഴ്ച രാവിലെ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ വാദം തെറ്റാണെന്നും വിവരങ്ങള്‍ ധരിപ്പിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും കേരളത്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയന്ത് മുത്തുരാജ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ രേഖകള്‍ ഉയര്‍ത്തി സുപ്രീം കോടതിയെ ധരിപ്പിച്ചു.

ശേഷം ഉച്ചയ്ക്ക് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിയുകയും വിവരങ്ങളും രേഖകളും കിട്ടിയെന്ന് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് കോടതി പിഴ ചുമത്തിയത്. ഉത്തരവാദിത്തത്തോടെ വേണം കോടതിയില്‍ വിവരങ്ങള്‍ അറിയിക്കാനെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. 50,000 രൂപ പിഴ ചുമത്തുന്നുവെന്ന് പറഞ്ഞതോടെ കുറയ്ക്കണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അഭ്യര്‍ഥിച്ചു. ഇതോടെയാണ് 25,000 രൂപയായി നിശ്ചയിച്ചത്.
