കൊച്ചി: സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എൻഡിഎയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്താനിരിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നാളെ ട്വന്റി ട്വന്റി എൻഡിഎയുടെ ഔദ്യോഗിക ഭാഗമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേതാക്കളുടെ സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ട്വന്റി ട്വന്റിയെ സംബന്ധിച്ച് ഏറ്റവും നിർണായക തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയക്കാരനല്ല, ഒരു വ്യവസാസി ആണ്. രാഷ്ട്രീയത്തിലേക്ക് വരാനുണ്ടായ സാഹചര്യം തന്നെ എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നതു കണ്ടാണ്, എന്ന് അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ 14 വർഷക്കാലമായി കേരളത്തിന്റെ വികസനത്തിനു വേണ്ടി ട്വന്റി ട്വന്റി മാതൃകാപരമായ കാര്യങ്ങൾ നടപ്പിലാക്കി. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ഭക്ഷ്യ സുരക്ഷയാണ്. ട്വന്റി ട്വന്റിയെ ഭൂമിയിൽ നിന്ന് ഉൻമൂലനം ചെയ്യാൻ ഇവിടുത്തെ എൽഡിഎഫും യുഡിഎഫും വെൽവെയർ പാർട്ടിയും പിഡിപിയും എസ്ഡിപിഐയും ശ്രമിച്ചു. 25 പാർട്ടികൾ ഒന്നിച്ച് നിന്നാണ് തിരഞ്ഞെടുപ്പിൽ തങ്ങളോട് മത്സരിച്ചത്” എന്നും സാബു ജേക്കബ് പറഞ്ഞു.

രണ്ടു പഞ്ചായത്തുകൾ നഷ്ടപ്പെട്ടെങ്കിലും വോട്ടിങ് ശതമാനത്തിൽ 3 ശതമാനം ഉയർച്ച കൊണ്ടുവരാനായെന്ന് സാബു ജേക്കബ് പറഞ്ഞു. തകർക്കാനാകാത്ത രാഷ്ട്രീയ പാർട്ടിയായി ട്വന്റി ട്വന്റി വളർന്നിരിക്കുന്നു. അതാണ് തങ്ങളെ ഒന്നുകൂടി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് തങ്ങൾ എങ്ങനെ കേരളത്തെ മാറ്റിയെടുക്കുമെന്ന് കാട്ടിക്കൊടുക്കാനാണ് എൻഡിഎയോടൊപ്പം ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

