കൊച്ചിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം ചികിത്സയിലായിരുന്ന നേപ്പാൾ സ്വദേശി ദുർഗ കാമി അന്തരിച്ചു. ഇന്നലെ രാത്രി 10.0 ഓടെയാണ് മരിച്ചത്. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചതിന് പിന്നാലെ ഹൃദസസ്തംഭനവും ഉണ്ടാവുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കേരളം ഒരു വിദേശയുവതിക്ക് വേണ്ടി പ്രാർഥനയോടെ നിലകൊണ്ട ദിവസമായിരുന്നു ഡിസംബർ 22. എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു ദുർഗ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയയായത്. ഇന്ത്യയിൽ ആദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയെന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു.
മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി എസ് ഷിബുവിന്റെ (46) ഹൃദയമായിരുന്നു ദുർഗക്കായി മാറ്റിവച്ചത്. ശസ്ത്രക്രിയക്കായി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സർക്കാർ ഒരുക്കിയത്.

നേപ്പാളിലെ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന ദുർഗ നിയമ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയിൽ ഹൃദയമാറ്റത്തിനായി എത്തിയത്. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്ററിലാണ് ഷിബുവിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചത്. തുടർന്ന്, ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി തുടർ ചികിത്സയിൽ കഴിയുകയായിരുന്നു.

