വൈറ്റ് കോളർ ജോലികളുടെ നിലനിൽപ്പ് അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഗുരുതര ഭീഷണിയിലാകുമെന്ന മുന്നറിയിപ്പ് നല്കി മൈക്രോസോഫ്റ്റ് സ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ ബിൽ ഗേറ്റ്സ്. ലോക ഇക്കോണമിക് ഫോറത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസുകളിൽ ഇരുന്നുള്ള ഭരണ, മാനേജ്മെന്റ് അടക്കമുള്ള വൈറ്റ് കോളർ ജോലികൾക്ക് ഇപ്പോൾ വലിയ പ്രശ്നമില്ലെങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വികസിക്കുന്ന വേഗം കണക്കിലെടുത്താൽ വരാനിരിക്കുന്ന വർഷങ്ങളിൽ ഈ മേഖലയിൽ വൻ മാറ്റങ്ങളുണ്ടാകുമെന്നും നിരവധി ജോലികൾ ഇല്ലാതാകുമെന്നും ഗേറ്റ്സ് വ്യക്തമാക്കി.
ഇത് സർക്കാരുകൾ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലൂ കോളർ ജോലികൾക്കും ഇതിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്ന് ബിൽ ഗേറ്റ്സ് ചൂണ്ടിക്കാട്ടി. നിർമ്മാണ മേഖലയടക്കം നിരവധി മേഖലകളിൽ ഇതിനകം തന്നെ എ.ഐയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതുവഴി സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും, സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

