ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസി’ൽ പങ്കെടുക്കാതെ ഇന്ത്യ. പലസ്തീൻ- ഇസ്രയേൽ സംഘർഷം ഉൾപ്പടെയുള്ള യുദ്ധ സമാനമായ സംഘർഷങ്ങൾ അവസാനിപ്പിക്കാനും സമാധാനം പുഃനസ്ഥാപിക്കാനും ഡൊണാൾഡ് ട്രംപ് രൂപീകരിച്ച സമാധാന സമിതിയാണ് ബോർഡ് ഓഫ് പീസ്.

പലസ്തീൻ ഇസ്രയേൽ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലാണ് സമാധാന സമിതി രൂപീകരിക്കുന്നത്. സമിതിയിൽ ചേരാനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ ഫ്രാൻസ്, യുകെ, ചൈന, ജർമ്മനി തുടങ്ങി നിരവധി രാജ്യങ്ങൾ ‘ബോർഡ് ഓഫ് പീസ്’ ന്റെ ഒപ്പുവയ്ക്കൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ഇന്ത്യ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും നയതന്ത്ര വിദഗ്ധർ അറിയിച്ചു. ഇസ്രയേൽ പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരമെന്ന ആശയമാണ് ഇന്ത്യ മുന്നോട്ട് വയ്ക്കുന്നതെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീന, മധ്യ ഏഷ്യൻ രാജ്യങ്ങളായ അർമേനിയ, അസർബൈജാൻ, ബഹ്റൈൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഖസാക്കിസ്ഥാൻ, മൊറോക്കോ, യുഎഇ, പാകിസ്ഥാൻ, സൗദി അറേബ്യ, വിയറ്റ്നാം എന്നിവർ കരാറിൽ ഒപ്പുവച്ച രാജ്യങ്ങളാണ്.

