തിരുവനന്തപുരം: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യുഡിഎഫിന്റെ സാധ്യതകളും വിലയിരുത്താന്‍ ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍ പങ്കെടുക്കില്ല. എറണാകുളത്ത് അടുത്തിടെ സംഘടിപ്പിച്ച മഹാപഞ്ചായത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും തന്നോട് മോശമായി പെരുമാറിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തരൂരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും വിളിച്ചുചേര്‍ത്ത അവലോകന യോഗം ഇന്നു നടക്കും. യോഗത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.
സംസ്ഥാനത്തെയും ഹൈക്കമാന്‍ഡിലെയും കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തരൂര്‍ പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട് നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ തരൂര്‍ പങ്കെടുക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും പാര്‍ട്ടിയുമായി അടുത്ത് പ്രവര്‍ത്തിക്കുമെന്നും തരൂര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപകാല സംഭവവികാസങ്ങള്‍ അനാവശ്യമായിരുന്നുവെന്നും തരൂരുമായി അടുപ്പമുള്ള നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

