തിരുവനന്തപുരം: നാല് ജീവിതങ്ങള്‍ക്ക് പുതുജീവനായി മസ്തിഷ്കമരണം സംഭവിച്ച തമിഴ്നാട് സ്വദേശിനി. തമിഴ്നാട് ഈറോഡ് ഗോപിച്ചെട്ടി പാളയത്ത് വാസ്തു നഗര്‍ വീട്ടില്‍ എല്‍.പി രാജേശ്വരിയുടെ അവയവങ്ങളാണ് കെ സോട്ടോ വഴി ദാനം ചെയ്തത്. രാജേശ്വരിയുടെ നാല് അവയവങ്ങളാണ് ദാനം ചെയ്തത്. രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്തു.

2026 ജനുവരി 17-നാണ് കടുത്ത തലവേദനയെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും തുടര്‍ന്ന് രാജേശ്വരിയെ വള്ളിയൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ജനുവരി 18-ന് രാത്രി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജനുവരി 22-ന് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് രാജേശ്വരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു. പൊന്‍രാജ് ആണ് രാജേശ്വരിയുടെ ഭര്‍ത്താവ്. രവീണ, രവീണ് രത്നരാജ് എന്നിവരാണ് മക്കള്‍.

