തിരുവനന്തപുരം: എം ടി വാസുദേവന്‍ നായരുടെ മുന്‍ ഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള പുസ്തകത്തെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് ‘എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിന്റെ രചയിതാവ് എച്ച്മുക്കുട്ടി. ആരെയും വേദനിപ്പിക്കാന്‍ എഴുതിയതല്ലെന്ന് എച്ച്മുക്കുട്ടി പറഞ്ഞു. എഴുതിയതില്‍ എന്താണ് പ്രശ്നം എന്ന് എംടിയുടെ മക്കള്‍ പറയട്ടെയെന്നും എച്ച്മുക്കുട്ടി പറഞ്ഞു.

‘വേദനിപ്പിക്കുന്നത് ഏതെന്ന് പറയട്ടെ. പിന്‍വലിക്കണമോ തിരുത്തണമോ എന്നത് പിന്നീട് വരുന്ന കാര്യമാണ്. ശേഷം മാത്രമേ അതില്‍ തീരുമാനം പറയാന്‍ കഴിയുകയുള്ളു. എംടിയുടെ മക്കളെ നേരിട്ട് അറിയുന്ന ആളെ അല്ല ഞാന്‍. മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും എഴുതിയിട്ടില്ല. രാജ്യദ്രോഹപരമായ ഒന്നും തന്നെ എഴുതിയിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാന്‍’, എച്ച്മുക്കുട്ടി പറഞ്ഞു.
പ്രമീളനായരോടുള്ള ഇഷ്ടം കൊണ്ടാണ് പുസ്തകം എഴുതിയതെന്നും വിവാദം ആക്കേണ്ട ആവശ്യമില്ലെന്നും എച്ച്മുക്കുട്ടി പറഞ്ഞു. തന്റെ ഓര്‍മകളെ, അനുഭവങ്ങളെ പുസ്തകങ്ങള്‍ ആക്കുമ്പോള്‍ ആരോടാണ് അനുവാദം ചോദിക്കേണ്ടത്. തമസ്കരിക്കപ്പെട്ട എഴുത്തുകാരി ആണ് പ്രമീള നായര്‍. തന്റെ ജീവിതവുമായി കൈകോര്‍ക്കുന്ന കുറെ അനുഭവങ്ങള്‍ ഉള്ളത് കൊണ്ടാണ് പുസ്തകം ആക്കിയത്. എംടി ജീവിച്ചിരുന്ന കാലത്ത് വന്ന ആരോപണങ്ങള്‍ ഉണ്ടെന്നും അതിന് എല്ലാം അന്ന് മറുപടി ലഭിച്ചിരുന്നോയെന്നും എച്ച്മുക്കുട്ടി ചോദിച്ചു.

എച്ച്മുക്കുട്ടിക്കൊപ്പം ദീദി ദാമോദരനും ചേര്‍ന്ന് എഴുതിയ ‘എംറ്റി സ്പെയ്സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകമാണ് വിവാദമായത്. എം ടി വാസുദേവന്‍ നായരുടെ മക്കള്‍ സിതാരയും അശ്വതി നായരും പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് പുസ്തകം വിവാദമായത്. പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്നും പുസ്തകം പിന്‍വലിക്കാത്ത പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും മക്കള്‍ അറിയിച്ചു.

