ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കടുത്ത അതൃപ്തിയുമായി രാഹുൽ ഗാന്ധി രംഗത്ത്. കേസിലെ പ്രതികളുമായി ചേർത്ത് സോണിയ ഗാന്ധിയുടെ പേര് ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി തന്റെ അസ്വസ്ഥത അറിയിച്ചത്. സംസ്ഥാന നേതാക്കൾ ഈ വിഷയം കൈകാര്യം ചെയ്ത പക്വതയില്ലാത്ത രീതിയെക്കുറിച്ചും അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയനും, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വ്യാജ ചിത്രം പ്രചരിപ്പിച്ചതിലും അതൃപ്തി. ഈ നീക്കം പാളിയതോടെ, പ്രതികൾ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ യഥാർത്ഥ ചിത്രങ്ങൾ പുറത്തുവരികയും അത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തു.
അനാവശ്യമായ വ്യാജ പ്രചാരണങ്ങളിലൂടെ സോണിയ ഗാന്ധിയുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ അവസരം ഒരുക്കിക്കൊടുത്തതും അതൃപ്തിയ്ക്ക് കാരണമായി.

പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും സോണിയ ഗാന്ധിയെ സന്ദർശിച്ചപ്പോൾ കൂടെയുണ്ടായിരുന്ന നേതാക്കൾക്ക് ഇതുവരെ കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തതും ഗൗരവകരമായി കാണുന്നു. പാർട്ടിയെയും മുതിർന്ന നേതാക്കളെയും പ്രതിരോധത്തിലാക്കിയ ഈ സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് വലിയ വിമർശനമാണ് നേരിടേണ്ടി വരുന്നത്.

