തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അടുത്തഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്നു വൈകിട്ടു 4നു മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ദേശീയപാത ബൈപാസിലേക്കു നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. റോഡിനു കൂടുതല്‍ സൗകര്യമൊരുക്കാന്‍ 10 സെന്റ് ഭൂമി കൂടി ഏറ്റെടുക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

രണ്ടാംഘട്ടത്തില്‍ 800 മീറ്റര്‍ നീളമുള്ള ബെര്‍ത്തിന്റെ തുടര്‍ച്ചയായി 1200 മീറ്റര്‍ ബെര്‍ത്തും അധികമായി നിര്‍മിക്കും. ഇതോടെ കൂടുതല്‍ കപ്പലുകള്‍ക്ക് ഒരേ സമയം ബെര്‍ത്ത് ചെയ്യാന്‍ കഴിയും. പുലിമുട്ടിന്റെ നീളം നിലവിലെ മൂന്ന് കിലോമീറ്ററില്‍നിന്ന് നാല് കിലോമീറ്ററാക്കും. കടലില്‍ 55 ഹെക്ടര്‍ സ്ഥലം നികത്തി തുറമുഖത്തിന്റെ ആവശ്യങ്ങള്‍ക്ക് സജ്ജമാക്കും. റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
രണ്ടാം ഘട്ടത്തില്‍ തുറമുഖ ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു വരെ ആയി ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും.

റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കവും സാധ്യമാവും. ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും.ഇത് കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.

