ന്യൂഡൽഹി: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇന്ത്യയിലെത്തി. റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ ഉർസുലയെ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ വിമാനത്താവളത്തിൽ സ്വീകരിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് ഡൽഹിയിലെത്തും.

വിദേശ നേതാക്കളുടെ സന്ദർശന വേളയിൽ, വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെക്കുന്ന വ്യാപാര-മൊബിലിറ്റി കരാറുകൾ രാജ്യത്തെ യുവാക്കൾക്ക് വലിയ തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വീഡിയോ കോൺഫറൻസിങ്ങിലൂടെ തൊഴിൽ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപി ഇരട്ടിയായെന്നും വിദേശ നിക്ഷേപത്തിൽ വൻ വർധനവുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജനുവരി 27-ന് പ്രധാനമന്ത്രി മോദിയുമായി നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാർ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യാപാരത്തിന് പുറമെ പ്രതിരോധം, സുരക്ഷ, ക്ലീൻ എനർജി, വിദ്യാർത്ഥികൾക്കും വിദഗ്ധ തൊഴിലാളികൾക്കുമുള്ള വിസാ ഇളവുകൾ തുടങ്ങിയ കാര്യങ്ങളിലും ധാരണയുണ്ടാകും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ. നിലവിൽ 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരുവിഭാഗങ്ങളും തമ്മിൽ നടക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വർഷത്തേക്കുള്ള തന്ത്രപ്രധാനമായ സഹകരണത്തിനുള്ള രൂപരേഖയും ഇരുപക്ഷവും പുറത്തിറക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും യൂറോപ്യൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.

