മഞ്ഞുപുതച്ച ഹിമാലയൻ സാനുക്കൾ മുതൽ തിരമാലകൾ തലോടുന്ന കന്യാകുമാരി വരെ, പച്ചപ്പണിഞ്ഞ കേരളീയ ഗ്രാമങ്ങൾ മുതൽ സുവർണ്ണ മണൽത്തരികൾ നിറഞ്ഞ രാജസ്ഥാൻ മരുഭൂമികൾ വരെ… വൈവിധ്യങ്ങളുടെ വർണ്ണക്കാഴ്ചകൾ കൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന നാടാണ് നമ്മുടെ ഇന്ത്യ. ഈ സാംസ്കാരിക വൈവിധ്യത്തെയും പ്രകൃതിഭംഗിയെയും ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും ജനുവരി 25 ന് ദേശീയ വിനോദസഞ്ചാര ദിനമായി ആഘോഷിക്കുന്നു.

വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സംസ്കാരത്തിനും നൽകുന്ന സംഭാവനകളെക്കുറിച്ചും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ദേശീയ വിനോദ സഞ്ചാര ദിനത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയുടെ വിനോദ സഞ്ചാര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സർക്കാർ 1948-ൽ ഒരു ടൂറിസ്റ്റ് ട്രാഫിക് കമ്മിറ്റി സ്ഥാപിക്കുന്നത്. മുംബൈയിലും ഡൽഹിയിലുമായിരുന്നു ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ. ടൂറിസം മേഖലയുടെ ജനപ്രീതി വർദ്ധിച്ചതോടെ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

ടൂറിസത്തിന്റെ സാമ്പത്തിക പ്രാധാന്യം തിരിച്ചറിഞ്ഞ സർക്കാർ, ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ 1958ൽ ഒരു പ്രത്യേക ടൂറിസം വകുപ്പ് തന്നെ സ്ഥാപിച്ചു. കേവലം യാത്രകൾക്കപ്പുറം ഒരു രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ വളർച്ചയിൽ ടൂറിസം വഹിക്കുന്ന പങ്ക് വലുതാണ്.

വിശ്വാസങ്ങളിലും ആചാരങ്ങളിലും ഭക്ഷണരീതികളിലും ഭാഷയിലുമെല്ലാം ഇന്ത്യ ഓരോ കിലോമീറ്ററിലും വ്യത്യസ്തത പുലർത്തുന്നുണ്ട്. ഈ ‘വൈവിധ്യത്തിലെ ഏകത്വം’ തന്നെയാണ് വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
