ഒരു നിര്‍മാതാവ് തനിക്ക് നാല് സിനിമകളില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കാനുണ്ടെന്ന് നടി നിഖില വിമല്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. മുമ്പ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു ഇയാളെന്നും നിഖില പറഞ്ഞിരുന്നു. പിന്നാലെ ഈ നിര്‍മാതാവ് ബാദുഷയാണെന്ന ആരോപണവുമായി സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തി. ഈ വിഷയത്തില്‍ ബാദുഷ തന്നെ പ്രതികരിക്കുകയാണ്.

ഹരീഷ് കണാരന് തനിക്കെതിരെ ഉന്നയിച്ച സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് ബാദുഷ നിഖിലയുടെ ആരോപണത്തിലും പ്രതികരിച്ചത്. നിഖില പറഞ്ഞ നിര്‍മാതാവ് താനല്ലെന്നാണ് ബാദുഷ പറയുന്നത്. തങ്ങള്‍ നാല് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ആ സിനിമകളുടെ നിര്‍മാതാവ് താനായിരുന്നില്ലെന്നും ബാദുഷ പറയുന്നു.
”നിഖില എന്റെ പേര് പറഞ്ഞിട്ടില്ല. സിനിമയുമായി ബന്ധപ്പെട്ട എന്ത് കമന്റ് വന്നാലും സോഷ്യല്‍ മീഡിയയില്‍ അതിനടിയില്‍ എന്റെ പേര് ഉറപ്പായിട്ടും ഉണ്ടാവും. ഞങ്ങള്‍ നാല് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ ആ സിനിമയില്‍ ജോലി ചെയ്ത ആള്‍ക്കാരല്ലേ. അത് ഞാന്‍ പ്രൊഡ്യൂസ് ചെയ്ത സിനിമകളല്ലല്ലോ. പ്രൊഡ്യൂസര്‍ പണം കൊടുക്കാന്‍ ഉണ്ട് എന്നാണ് പറഞ്ഞേക്കുന്നത്” എന്നാണ് ബാദുഷ പറയുന്നത്.

ക്യു സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു നിഖിലയുടെ തുറന്നു പറച്ചില്. ”ഇവിടെ തന്നെയുള്ളൊരു നിര്‍മാതാവ് എനിക്ക് പണം തരാനുണ്ട്. കണ്‍ട്രോളറായി ജോലി ചെയ്തിരുന്നു. മൂന്ന് നാല് സിനിമകളില്‍ പൈസ ബാക്കി തരാനുണ്ട്. അവസാനം ഞാന്‍ പറഞ്ഞു, നിങ്ങള്‍ പുതിയ വീട് വെക്കുന്നുണ്ടല്ലോ അതിലൊരു മുറി എനിക്ക് തന്നേക്കൂവെന്ന്. ഞാന്‍ വാടക തരേണ്ട കാര്യമില്ലല്ലോ” എന്നാണ് നിഖില പറഞ്ഞത്.

ഇപ്പോഴും എന്നെ കാണുമ്പോള്‍ അദ്ദേഹം അത് പറയും. ഞാനും അത് തന്നെ പറയും. എനിക്ക് എസിയൊക്കെയുള്ള മുറി മതി. ഇത്രയും പൈസ നിങ്ങള്‍ എനിക്ക് തരാനുണ്ട്. നിങ്ങളുടെ കയ്യില്‍ പൈസ ഇല്ലാത്തതു കൊണ്ടുമല്ല. ആ പണം കിട്ടിയില്ലെങ്കിലും കാണുമ്പോഴൊക്കെ പറയുമെന്നും നിഖില പറഞ്ഞിരുന്നു. ഈ വിഡിയോ വൈറലായതോടെയാണ് നിഖില ഉദ്ദേശിച്ചത് ബാദുഷയെയാണ് എന്ന അനുമാനത്തിലേക്ക് സോഷ്യല്‍ മീഡിയ സ്വയം എത്തിച്ചേര്‍ന്നത്.
