സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടി. മുഴുവൻ ഹൈസ്കൂളുകളിലേക്കും കൈറ്റ് വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ നൽകും. ഫെബ്രുവരിയിൽ 2500 അഡ്വാൻസ്ഡ് കിറ്റുകളാണ് സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി വിന്യസിക്കുക. സംസ്ഥാനത്തെ സ്കൂളുകളിൽ നേരത്തെ തന്നെ 29000 റോബോട്ടിക് കിറ്റുകൾ കൈറ്റ് ലഭ്യമാക്കിയിരുന്നു.

ഈ അധ്യയനവർഷം മുതൽ പത്താം ക്ലാസിലെ ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമായി റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതോടെ നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐ.ഒ.ടി) അധിഷ്ഠിത ഉപകരണങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന പുതിയ കിറ്റുകൾ നൽകുന്നത്.
നിലവിലുള്ള കിറ്റുകളിൽ നിന്നും വ്യത്യസ്തമായി കൂടുതൽ നൂതനമായ സാങ്കേതികവിദ്യയാണ് അഡ്വാൻസ്ഡ് കിറ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കണക്ടിവിറ്റി: ഐഒടി സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈഫൈ, ബ്ലൂടൂത്ത് സൗകര്യങ്ങളുള്ള ഇ.എസ്.പി – തേർട്ടി റ്റു ഡെവലപ്മെന്റ് ബോർഡാണ് ഇതിന്റെ പ്രധാന ഭാഗം.

സെൻസറുകൾ: അൾട്രാസോണിക് ഡിസ്റ്റൻസ്, സോയിൽ മോയിസ്ചർ, പി.ഐ.ആർ മോഷൻ, ലൈൻ ട്രാക്കിംഗ് തുടങ്ങി വിവിധതരം സെൻസറുകൾ കിറ്റിലുണ്ടാകും.

ഹാർഡ് വെയർ: റോബോട്ടിക് വാഹനങ്ങൾ നിർമ്മിക്കാൻ ഫോർ ഡബ്ലിയു ഡി സ്മാർട്ട് കാർ ഷാസി കിറ്റ്, സബ്മെഴ്സിബിൾ മിനി വാട്ടർ പമ്പ്, റീച്ചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി പാക്ക് എന്നിവ അടങ്ങിയിട്ടുണ്ടാകും.
