തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി നടന് മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്കാരം സമ്മാനിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി, ചാത്തന് എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നടത്തിയ മാസ്മരിക പ്രകടനമാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

‘ആസിഫും ടൊവിനോയും എന്നേക്കാള്‍ ഒരു മില്ലിമീറ്റര്‍ പോലും താഴെയല്ല, പ്രായത്തില്‍ മൂത്തത് ആയതുകൊണ്ട് എനിക്ക് കിട്ടിയതാകും. ഫെമിനിച്ചി ഫാത്തിമ പോലെയൊരു സിനിമ മലയാളത്തില്‍ മാത്രമേ ഉണ്ടാകൂ, മലയാളിക്ക് മാത്രമേ അത് ഉള്‍ക്കൊള്ളാന്‍ കഴിയൂ.’ മമ്മൂട്ടി പറഞ്ഞു.
തന്നെ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ജൂറി അംഗങ്ങളോടും പുരസ്കാരം സമ്മാനിച്ച കേരള സര്‍ക്കാരിനോടും വേദിയില്‍ മമ്മൂട്ടി നന്ദി പറഞ്ഞു. പുരസ്കാരങ്ങള്‍ എപ്പോഴും കലാകാരനെ സംബന്ധിച്ച് പ്രോത്സാഹനമാണ്. കഴിഞ്ഞ വര്‍ഷം ഒരുപാട് മികച്ച സിനിമകള്‍ സംഭവിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

‘കഴിവുകളുടെ ഖനിയാണ് മലയാള സിനിമ. ഈ ഖനിയില്‍നിന്ന് ഒരുപാട് നിധികള്‍ കോരിയെടുക്കാനുണ്ട്. അതെല്ലാം നല്ല സിനിമകളായി, നല്ല അഭിനയമായി, നല്ല സംഗീതമായി, നല്ല കഥയും കഥാപാത്രങ്ങളുമായി നിങ്ങളുടെ മുന്നില്‍ വരട്ടെ എന്നാഗ്രഹിക്കുന്നു. അതിലൊരു ഭാഗമാകാന്‍ എനിക്കും സാധിക്കട്ടെയെന്നും ആഗ്രഹിക്കുന്നു.’ -മമ്മൂട്ടി പറഞ്ഞു.

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരം നടി ശാരദ മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോള്‍ ജോസ്, ജ്യോതിര്‍മയി, സൗബിന് ഷാഹിര്‍, സിദ്ധാര്‍ഥ് ഭരതന്, ചിദംബരം, ഫാസില്‍ മുഹമ്മദ്, സുഷിന് ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടന് തുടങ്ങി 51 ചലച്ചിത്രപ്രതിഭകള്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു.
