പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളാവണ്ടെന്നും തുടര്‍ഭരണം ഉറപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നും പിണറായി യോഗത്തില്‍ പറഞ്ഞു.

ആരും സ്ഥാനാര്‍ഥികളായി ഇപ്പോള്‍ അവതരിക്കേണ്ടെന്നും സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലത്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും പിണറായി യോഗത്തില്‍ വ്യക്തമാക്കി. ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന് പറഞ്ഞ പിണറായി തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുണ്ടാകില്ലെന്നും വ്യക്തമാക്കി.
തുടര്‍ഭരണം ഉറപ്പാണെന്ന പ്രതീക്ഷ പങ്കുവച്ച മുഖ്യമന്ത്രി മികച്ച രീതിയില്‍ ഇടപെടലുകള്‍ നടത്തണമെന്നും പറഞ്ഞു. സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെ നാളെ ജില്ലാ കമ്മിറ്റി യോഗം ചേരും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ തന്നെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ജില്ലയിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ രാജു എബ്രഹാമിനോട് സിപിഎം സംസ്ഥാന സമിതി വിശദീകരണം തേടുകയും ചെയ്തിരുന്നു. മന്ത്രി വീണാ ജോര്‍ജും കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ വീണ്ടും മത്സരിക്കുമെന്നായിരുന്നു രാജു എബ്രഹാം പറഞ്ഞത്.

വീണാ ജോര്‍ജ് മികച്ച മന്ത്രിയാണ്. പത്തനംതിട്ട ജില്ലയെ വീണാ ജോര്‍ജ് വീണ്ടും നയിക്കും. രണ്ടു പേരോടും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടരാനും പദ്ധതികള്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു രാജു എബ്രഹാം പറഞ്ഞത്.
