പശ്ചിമേഷ്യയിൽ ആശങ്ക പടർത്തി അമേരിക്കൻ നാവികവ്യൂഹം പേർഷ്യൻ ഗൾഫിലേക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അർമഡ സൈനിക വ്യൂഹം ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിച്ചു. ഭീഷണിക്ക് മുന്നിൽ പ്രതിരോധം തകരില്ലെന്നാണ് ഇറാന്റെ പ്രതികരണം. ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും മോശമായ സാഹചര്യങ്ങളെ നേരിടാൻ സജ്ജമാണെന്നും ഇറാൻ അറിയിച്ചിരുന്നു.

വിമാനവാഹിനി കപ്പലായ എബ്രഹാം ലിങ്കൺ, ടോമഹോക്ക് മിസൈലുകൾ വഹിക്കുന്ന മൂന്ന് ഡിസ്ട്രോയറുകൾ എന്നിവയാണ് ഇറാൻ ലക്ഷ്യമാക്കി മലാക്ക കടലിടുക്കിൽ നിന്ന് സഞ്ചരിച്ച ശേഷം പേർഷ്യൻ ഗൾഫിലേക്ക് നീങ്ങുന്നത്.
നിലവിൽ ഇത് ആൻഡമാൻ കടലിലാണ്. ഇതിന് പുറമെ ഒരു ഡസനോളം എഫ്-15ഇ യുദ്ധവിമാനങ്ങളെയും അമേരിക്ക മേഖലയിലേക്ക് അയച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ നിലപാടുമായി യുഎഇ രംഗത്തെത്തിയിരുന്നു. ഇറാനെതിരായ നടപടികൾക്ക് എയർ സ്പേസ് അനുവദിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. സമുദ്ര അതിർത്തിയും കരയും അനുവദിക്കില്ലെന്നും ആക്രമണത്തിന് ഒരു സഹായവും നൽകില്ലെന്നും യുഎഇ പറഞ്ഞു. സംഘർഷങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നും യുഎഇ യുടെ ഭാഗത്തുനിന്നും ഉണ്ടാവില്ല.

