തിരുവനന്തപുരം:നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പയ്യന്നൂർ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും പ്രതിപക്ഷം ഉയർത്തും.

അടിയന്തര പ്രമേയമായി ഇതിൽ ഏത് വിഷയം കൊണ്ടുവരണമെന്ന തീരുമാനം രാവിലെ ചേരുന്ന യുഡിഎഫ് പാർലമെൻ്ററി പാർട്ടി കൈക്കൊള്ളും. ഗവർണറുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയ ചർച്ചയും തുടരും.
അതേസമയം ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം. ദേവസ്വം മന്ത്രി രാജിവെക്കുക, എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും, മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലുമാണ് പ്രതിഷേധ ധർണ്ണ.

കെപിസിസിയുടെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കും.

