ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുള്ള ബോളിവുഡ് ഗായകൻ അരിജിത് സിംഗ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അരിജിത് തീരുമാനം ആരാധകരുമായി പങ്കുവെച്ചത്. ഇനി മുതൽ പുതിയ സിനിമകൾക്കായി പാടില്ലെന്നും എന്നാൽ സ്വന്തമായി സംഗീതം സൃഷ്ടിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇതൊരു മികച്ച യാത്രയായിരുന്നു. ഇത്രയും കാലം എനിക്ക് വലിയ രീതിയിലുള്ള സ്നേഹം നൽകിയ എല്ലാ ശ്രോതാക്കൾക്കും നന്ദി. ഇനി മുതൽ പുതിയ പിന്നണി ഗാനങ്ങളൊന്നും ഏറ്റെടുക്കില്ലെന്ന് ഞാൻ സന്തോഷത്തോടെ അറിയിക്കുന്നു. ദൈവം എന്നോട് വളരെ ദയയുള്ളവനായിരുന്നു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ കാര്യങ്ങൾ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു,’ അരിജിത് എക്സിൽ കുറിച്ചു.
സിനിമകളിൽ നിന്ന് വിട്ടുനിൽക്കുമെങ്കിലും സംഗീതത്തോട് വിടപറയുന്നില്ലെന്ന് അരിജിത് വ്യക്തമാക്കി. താൻ ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലേക്ക് മടങ്ങുകയാണെന്നും സ്വന്തമായി സംഗീതം നിർമ്മിക്കുമെന്നും അദ്ദേഹം ആരാധകർക്ക് ഉറപ്പ് നൽകി. ഇതിനകം ഏറ്റെടുത്തിട്ടുള്ള ചില പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ഈ വർഷം അരിജിതിന്റെ ഏതാനും ഗാനങ്ങൾ കൂടി പുറത്തിറങ്ങും.

സൽമാൻ ഖാൻ ചിത്രമായ ബാറ്റിൽ ഓഫ് ഗാൽവാനിലെ “മാതൃഭൂമി”, വിശാൽ ഭരദ്വാജിന്റെ ഒ റോമിയോയിലെ “ഹം തോ തേരേ ഹി ലിയേ തേ” എന്നിവയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഗാനങ്ങൾ. ആഷിഖി 2 എന്ന ചിത്രത്തിലൂടെയാണ് അരിജിത് സിങ് സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കഴിഞ്ഞ പത്തു വർഷത്തിലേറെയായി ബോളിവുഡ് സംഗീത ലോകത്തെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹം.

