പത്മഭൂഷൺ പുരസ്കാരം നേടിയ നടൻ മമ്മൂട്ടിയ്ക്ക് സ്നേഹാദരം. അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘പദയാത്ര’യുടെ സെറ്റിൽവച്ചായിരുന്നു താരത്തെ ആദരിച്ചത്. അടൂർ ഗോപാലകൃഷ്ണന് മമ്മൂട്ടിയെ പൊന്നാടയണിച്ചു. സന്തോഷം സഹപ്രവർത്തകർക്കൊപ്പം മമ്മൂട്ടി കേക്കു മുറിച്ചും ആഘോഷിച്ചു.

മമ്മൂട്ടിയെ അടൂർ പൊന്നാടയണിയിക്കുന്നതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമാ ലോകത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചത്.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് കേന്ദ്ര സർക്കാർ ബഹുമതി പ്രഖ്യാപിച്ചത്. 1998 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

അതേസമയം, നീണ്ട മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പദയാത്ര. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാണം. അടൂർ ഗോപാലകൃഷ്ണനും കെ. വി. മോഹൻ കുമാറും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ഷെഹ്നാദ് ജലാൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കൊച്ചി, പൂയംകുട്ടി, വയനാട്, തിരുവന്തപുരം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പ്ലാൻ ചെയ്തിരിക്കുന്നത്.

