ന്യൂഡൽഹി: 2020-ൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ചൈനയുമായി നിലനിന്നിരുന്ന സംഘർഷാവസ്ഥയെക്കുറിച്ച് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെ എഴുതിയ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നു. പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ സംസാരിക്കാൻ ശ്രമിച്ചത് സഭാനടപടികൾ തടസ്സപ്പെടാൻ കാരണമായി.

2020 ഓഗസ്റ്റ് 31-ന് രാത്രി റെച്ചിൻ ലാ മേഖലയിൽ ചൈനീസ് ടാങ്കുകളും സൈന്യവും നീക്കം നടത്തിയപ്പോഴുണ്ടായ അതീവ ഗുരുതരമായ സാഹചര്യമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. അന്നത്തെ സംഭവങ്ങളെക്കുറിച്ച് ജനറൽ നരവാനെ ഇപ്രകാരം കുറിക്കുന്നു:
‘രാത്രി 10:10 ഓടെ നോർത്തേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ വൈ.കെ. ജോഷി എന്നെ വിളിച്ചു. ചൈനീസ് ടാങ്കുകൾ വെറും 500 മീറ്റർ മാത്രം അകലെയാണെന്നും സാഹചര്യം വഷളാകുകയാണെന്നും അദ്ദേഹം അറിയിച്ചു. ഞാൻ ഉടൻ തന്നെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വിവരമറിയിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ച ശേഷം രാത്രി 10:30-ഓടെ അദ്ദേഹം എന്നെ തിരിച്ചുവിളിച്ചു. പ്രധാനമന്ത്രിയുമായി സംസാരിച്ചു, ഇത് പൂർണ്ണമായും ഒരു സൈനിക തീരുമാനമാണ്. എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’.- എന്നാണ് പുസ്തകത്തിൽ പറയുന്നത്.

മന്ത്രിയുടെ മറുപടിയോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി താനെന്ന് നരവാനെ വിശേഷിപ്പിച്ചത്. എല്ലാ ഉത്തരവാദിത്തവും തന്റെ തലയിലായ ആ നിമിഷം അതീവ സമ്മർദ്ദത്തിലായിരുന്നുവെന്നും അദ്ദേഹം പുസ്തകത്തിൽ വ്യക്തമാക്കുന്നു.

അപ്രസിദ്ധീകൃതമായ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ സഭയിൽ ഉദ്ധരിക്കാൻ കഴിയില്ലെന്ന് സർക്കാർ വാദിച്ചതോടെയാണ് ലോക്സഭയിൽ ബഹളമുണ്ടായത്. ദി കാരവൻ മാഗസിനിൽ വന്ന ലേഖനത്തെ അടിസ്ഥാനമാക്കിയാണ് താൻ സംസാരിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.
2024 ജനുവരിയിൽ പുറത്തിറങ്ങേണ്ടിയിരുന്ന ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം നിലവിൽ കരസേനയുടെയും പ്രതിരോധ മന്ത്രാലയത്തിന്റെയും പരിശോധനയിലാണ് . സൈനിക രഹസ്യങ്ങളോ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളോ പുസ്തകത്തിലുണ്ടോ എന്നാണ് മന്ത്രാലയം പരിശോധിക്കുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
വിരമിച്ച ഉദ്യോഗസ്ഥർ പുസ്തകം എഴുതുന്നതിൽ കൃത്യമായ നിയമങ്ങളില്ലെങ്കിലും, രഹസ്യാന്വേഷണ വിഭാഗങ്ങളിലോ സുരക്ഷാ ഏജൻസികളിലോ പ്രവർത്തിച്ചവർ വിരമിച്ച ശേഷം വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് മുൻകൂർ അനുമതി വേണമെന്ന ചട്ടം നിലവിലുണ്ട്.
